അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ചെന്നൈ: 2027 മധ്യത്തോടെ ചെന്നൈയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ വടപളനി - പൂനാമല്ലി റൂട്ടിൽ 10 മിനിറ്റ് ഇടവേളകളിൽ 15 ട്രെയിനുകളാണ് ഓടിക്കുക.
ചെന്നൈ: രാജ്യതലസ്ഥാനത്തിന് പിന്നാലെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ വരുന്നു. 2027 മധ്യത്തോടെ പൂർണമായും ഓപ്പറേറ്റർമാരില്ലാത്ത മെട്രോ സർവീസുകൾ ആരംഭിക്കാനാണ് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന്റെ (സി.എം.ആർ.എൽ) പദ്ധതി. ഇതിന്റെ മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങൾ പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തിൽ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ (എ.ടി.ഒ) സംവിധാനത്തിലായിരിക്കും ട്രെയിനുകൾ ഓടിക്കുക. സുരക്ഷ മുൻനിർത്തി ഈ സമയത്ത് രണ്ട് ഓപ്പറേറ്റർമാർ ട്രെയിനിലുണ്ടാകും. തുടർന്നാണ് പൂർണമായും മനുഷ്യ സഹായമില്ലാതെ സർവീസ് നടത്തുന്ന അൺഅറ്റൻഡഡ് ട്രെയിൻ ഓപ്പറേഷൻ (യു.ടി.ഒ) രീതിയിലേക്ക് മാറ്റുക. ഈ ഘട്ടത്തിൽ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതുമടക്കം മുഴുവൻ നിയന്ത്രണങ്ങളും ഓപ്പറേഷൻ കൺട്രോൾ സെന്റർ വഴി നിർവഹിക്കും. നിർണായകമായ 120 സുരക്ഷാ സാഹചര്യങ്ങൾ മുൻനിർത്തിയാണ് നിലവിൽ പരീക്ഷണയോട്ടം നടക്കുന്നത്.
പ്രധാന വിവരങ്ങൾ ചുരുക്കത്തിൽ:
ട്രെയിനുകളുടെ എണ്ണം: ആദ്യഘട്ടത്തിൽ 15 ട്രെയിനുകൾ.
ഇടവേള: പത്തു മിനിറ്റ്.
ശേഷി: മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിനിൽ 900 യാത്രക്കാർക്ക് സഞ്ചരിക്കാം.
വേഗത: പരമാവധി വേഗത മണിക്കൂറിൽ 80 കി.മീ; ശരാശരി വേഗത 32 കി.മീ.
ടിക്കറ്റ് നിരക്ക്: വടപളനി - പൂനാമല്ലി ബൈപ്പാസ് റൂട്ടിൽ പരമാവധി 40 രൂപ.
നിലവിൽ ഡൽഹി മെട്രോയിൽ മാത്രമാണ് ഇന്ത്യയിൽ ഡ്രൈവറില്ലാ ട്രെയിൻ സർവീസുള്ളത്.




