'ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കർഷകരായ ഗ്രാമീണ യുവാക്കളെ പെൺകുട്ടികൾക്ക് വരനായി വേണ്ടെന്നും സർക്കാർ ഇതിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിക്ക് വിചിത്ര പരാതി. ഏക്കറുകണക്കിന് ഭൂമിയും വീടുമുണ്ടായിട്ടും പെൺകുട്ടികൾക്ക് സർക്കാർ-കോർപ്പറേറ്റ് ജോലിക്കാരെ മാത്രം മതിയെന്നാണ് 'പ്രജാസേവ' പരിപാടിക്കിടെ കർഷകൻ ഉന്നയിച്ച ആക്ഷേപം.
ബംഗളൂരു: ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിന് പരിഹാരമായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് മുമ്പിൽ കർഷകന്റെ പരാതി. ബെംഗളൂരു പെരിയപട്ടണയിൽ സംഘടിപ്പിച്ച 'പ്രജാസേവ' പരിപാടിക്കിടെയാണ് വ്യത്യസ്തമായ ഈ ആവശ്യവുമായി ഗ്രാമീണ കർഷകൻ രംഗത്തെത്തിയത്.
ഏക്കറുകണക്കിന് കൃഷിഭൂമിയും സ്വന്തമായി വീടും ഉണ്ടായിട്ടും ഗ്രാമീണരായ കർഷക യുവാക്കളെ വിവാഹം കഴിക്കാൻ പെൺകുട്ടികൾ തയ്യാറാകുന്നില്ലെന്നാണ് പരാതിക്കാരന്റെ ആക്ഷേപം. ഗ്രാമങ്ങളിൽ 35-നും 40-നും ഇടയിൽ പ്രായമുള്ള നിരവധി യുവാക്കളാണ് വിവാഹം നടക്കാതെ വിഷമിക്കുന്നത്. പെൺകുട്ടികൾക്കും കുടുംബങ്ങൾക്കും സർക്കാർ ജീവനക്കാരെയോ കോർപ്പറേറ്റ് കമ്പനികളിലെ ജോലിക്കാരെയോ മാത്രമാണ് വരന്മാരായി വേണ്ടത്.
നാടിന് അന്നം തരുന്ന കർഷകർക്ക് പെണ്ണുകിട്ടാത്ത അവസ്ഥ വലിയ സാമൂഹിക പ്രതിസന്ധിയാണെന്നും വിവാഹം നടക്കാത്തതിലുള്ള മനംനൊന്ത് പല യുവാക്കളും ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യമുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ഗ്രാമീണ യുവാക്കളുടെ ജീവിതത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർഷകർക്കായി പ്രത്യേക വിവാഹ സഹായ പദ്ധതികൾ നടപ്പിലാക്കണമെന്നും ഇയാൾ ഉപമുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനാണ് സർക്കാർ 'പ്രജാസേവ' പരിപാടി സംഘടിപ്പിച്ചു വരുന്നത്. കർഷകന്റെ പരാതി കേട്ട് ഉപമുഖ്യമന്ത്രിയും ജനങ്ങളും ചിരിയോടെയാണ് പ്രതികരിച്ചതെങ്കിലും സംഭവം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിട്ടുണ്ട്.




