മദ്യവും മയക്കുമരുന്നും നൽകി, 2 ദിവസം തടങ്കലിൽ വെച്ച് പീഡനം; സ്പായിലെ ജോലിക്ക് വേണ്ടി എത്തിയ യുവതി നേരിട്ടത് ക്രൂരത
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കളമശ്ശേരിയിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി 2 ദിവസം തടങ്കലിൽ വെച്ച് കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഒരു സ്ത്രീ ഉൾപ്പെടെ രണ്ടാളെക്കൂടി ഇനി പിടികൂടാനുണ്ടെന്നും ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
കൊച്ചി: കളമശ്ശേരിയിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ക്രൂരമായ ലൈംഗിക അക്രമത്തിൽ ഒരു സ്ത്രീയും പങ്കാളിയായതായാണ് വിവരം. യുവതിക്ക് മദ്യവും മയക്കുമരുന്നും നൽകി രണ്ടുദിവസത്തോളം തടങ്കലിൽ വെച്ചായിരുന്നു പീഡനം. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊച്ചിയിൽ ഭർത്താവിനൊപ്പം താമസിച്ചുവരികയായിരുന്ന യുവതി സ്പാ മാനേജർ തസ്തികയിലേക്കുള്ള ജോലി പരസ്യം കണ്ട് ഇൻറർവ്യൂവിന് എത്തിയതായിരുന്നു. തുടർന്ന് യുവതിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട ഒരു യുവതിയടക്കം രണ്ടുപേരെക്കൂടി ഇനി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു. ക്രൂരമായ അതിക്രമത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.




