'ഇത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യം, രാജിവെച്ചെങ്കിൽ നല്ലത്'; ആർ ശ്രീലേഖയുടെ രാജിയിൽ ശാസ്തമംഗലം വാർഡുകാരുടെ പ്രതികരണം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ശ്രീലേഖയുടേത് ജനവഞ്ചന, രാജിവെച്ചൊഴിയുന്നതാണ് നല്ലതെന്ന് ശാസ്തമംഗലം വാർഡുകാർ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ ആർ. ശ്രീലേഖയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തിൽ കടുത്ത പ്രതിഷേധവുമായും വിമർശനങ്ങളുമായും ശാസ്തമംഗലം വാർഡിലെ വോട്ടർമാർ. നേതൃത്വത്തെ ഭീഷണിപ്പെടുത്താനുള്ള തന്ത്രമാണിതെന്ന് ചിലർ ആരോപിക്കുമ്പോൾ, ജനപ്രതിനിധി എന്ന നിലയിൽ ശ്രീലേഖ പൂർണ്ണ പരാജയമായിരുന്നുവെന്ന് വോട്ടർമാർ തുറന്നടിച്ചു.
തങ്ങൾ അഭിമുഖീകരിക്കുന്ന ദൈനംദിന പ്രശ്നങ്ങളിൽ പോലും കൗൺസിലറുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് മരങ്ങൾ കടപുഴകി വീണതടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും അവർ തയ്യാറായില്ലെന്ന് പ്രദേശവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചു എന്നതൊഴിച്ചാൽ വാർഡിന്റെ വികസനത്തിനോ ക്ഷേമത്തിനോ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും, അതിനാൽ രാജിവെച്ചു പോകുന്നത് തന്നെയാണ് നല്ലതെന്നുമാണ് വോട്ടർമാരുടെ നിലപാട്.
പൊതുപ്രവർത്തന പരിചയമോ ജനങ്ങളോട് പ്രതിബദ്ധതയോ ഇല്ലാത്തവർ രാഷ്ട്രീയത്തിലിറങ്ങി കൗൺസിലർ സ്ഥാനത്തെത്തുന്നത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും, വ്യക്തതയും സ്ഥിരതയുമുള്ള രാഷ്ട്രീയ നിലപാടുകളുള്ളവരാണ് മത്സരരംഗത്ത് വരേണ്ടതെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.
അതിനിടെ, തലസ്ഥാന നഗരഭരണം പിടിച്ചെടുത്ത് മുന്നോട്ടുപോകുന്ന ബി.ജെ.പി ഭരണസമിതിക്ക് കൗൺസിലറുടെ രാജി പ്രഖ്യാപനം വൻ തിരിച്ചടിയായിട്ടുണ്ട്. മേയർ വി.വി. രാജേഷിന് ശ്രീലേഖ രാജിക്കത്ത് കൈമാറിയെങ്കിലും, ചട്ടപ്രകാരം കോർപറേഷൻ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. തനിക്ക് കത്ത് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി വ്യക്തമാക്കിയതോടെ സംഭവത്തിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്.




