വിദേശയാത്രയ്ക്ക് അനുമതി തേടി റാപ്പർ വേടൻ ഹൈക്കോടതിയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിദേശയാത്രക്കായി കേസ് വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക പി.സി.സി നൽകാൻ റാപ്പർ വേടന്റെ ഹരജിയിൽ ഹൈക്കോടതി ഉത്തരവിട്ടു. ക്രിമിനൽ കേസുകളിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് വിദേശയാത്രയ്ക്കുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കൊച്ചി: വിദേശയാത്രയ്ക്ക് അനുമതിയും പ്രത്യേക പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (പി.സി.സി) ആവശ്യപ്പെട്ട് പ്രമുഖ മലയാളം റാപ്പർ വേടൻ (ഹിരൺദാസ് മുരളി) നൽകിയ ഹരജിയിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ഹരജിക്കാരന് കേസ് വിവരങ്ങളും കോടതി ഉത്തരവുകളും വ്യക്തമായി ഉൾപ്പെടുത്തിയ പ്രത്യേക പി.സി.സി ലഭ്യമാക്കാൻ റീജ്യനൽ പാസ്പോർട്ട് ഓഫീസർക്ക് ഹൈക്കോടതി നിർദേശം നൽകി. രണ്ടാഴ്ചയ്ക്കകം ഇതിന്മേൽ ആവശ്യമായ നടപടികൾ പൂർത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്.
ക്രിമിനൽ കേസുകളിൽ പ്രതിയായി എന്നതുകൊണ്ടുമാത്രം ഒരാളുടെ വിദേശയാത്രയ്ക്കുള്ള ഭരണഘടനാപരമായ അവകാശം പൂർണമായി റദ്ദാക്കാനാകില്ലെന്ന് ഹരജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു.
നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ലഹരിമരുന്ന് കേസിലും പ്രതിയാണ് വേടൻ. കേസുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശത്തേക്ക് പോകുന്നതിന് നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കാനും പാസ്പോർട്ട് നടപടികൾ പൂർത്തിയാക്കാനുമാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.




