രാത്രി ശബ്ദം കേട്ടെങ്കിലും വിഴിഞ്ഞം തുറമുഖത്ത് നിന്നാണെന്ന് കരുതി; ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ മോഷണം, 4 പവൻ കവർന്നു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിൻ്റെ പിൻവാതിൽ തകർത്ത് നാല് പവൻ സ്വർണവും 25,000 രൂപയും കവർന്നു. തുറമുഖ നിർമാണ ശബ്ദമാണെന്ന് കരുതി രാത്രി കേട്ട ബഹളം ഗൃഹനാഥ ശ്രദ്ധിക്കാതിരുന്നതാണ് മോഷണത്തിന് വഴിവെച്ചത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട് കുത്തിത്തുറന്ന് നാല് പവൻ സ്വർണവും 25,000 രൂപയും കവർന്നു. മുക്കോല സ്വദേശി ഗിരിജ (63)യുടെ വീട്ടിലാണ് മോഷണം നടന്നത്.
ഒറ്റയ്ക്ക് താമസിക്കുന്ന ഗിരിജ രാത്രികളിൽ സമീപത്തെ കുടുംബവീട്ടിലാണ് ഉറങ്ങാറുള്ളത്. ഇന്നലെ രാവിലെ തിരികെ എത്തിയപ്പോഴാണ് വീടിൻ്റെ പിൻവാതിൽ തകർത്ത നിലയിൽ കണ്ടെത്തിയത്. വീടിനകത്ത് സാധനങ്ങൾ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവൻ സ്വർണാഭരണങ്ങളും ലോൺ അടവിനായി മാറ്റിവെച്ച 25,000 രൂപയുമാണ് നഷ്ടപ്പെട്ടത്.
രാത്രി ശബ്ദം കേട്ടിരുന്നെങ്കിലും വിഴിഞ്ഞം തുറമുഖത്തെ നിർമാണ പ്രവർത്തനങ്ങളുടെ ശബ്ദമാണെന്ന് കരുതി ശ്രദ്ധിക്കാതിരിക്കുകയായിരുന്നുവെന്ന് ഗിരിജ പറഞ്ഞു. വിഴിഞ്ഞം പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. സമീപത്തെ മറ്റ് ചില വീടുകളിലും മോഷണശ്രമം നടന്നതായി വിവരമുണ്ട്.




