'പി എം ശ്രീയിൽ തിരക്കിട്ട് നടപടി വേണ്ട', വിദ്യാഭ്യാസ മന്ത്രിക്ക് ലീഗ് നേതൃത്വത്തിന്‍റെ നിർദേശം, വിവാദങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം'
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

PM SRI വിഷയത്തിൽ തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് വാഴയൂരിൽ ചേർന്ന നൂറു ദിന അവലോകന യോഗത്തിൽ ലീഗ് നേതൃത്വം നിർദേശിച്ചു. നേതാക്കളും മന്ത്രിമാരും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സാദിഖലി ശിഹാബ് തങ്ങളും വ്യക്തമാക്കി.
മലപ്പുറം: കേന്ദ്ര സർക്കാരിന്റെ PM SRI (പി എം ശ്രീ) പദ്ധതിയുമായി ബന്ധപ്പെട്ട് ധൃതിപിടിച്ച് നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയോട് മുസ്ലിം ലീഗ് നേതൃത്വം നിർദേശിച്ചു. മലപ്പുറം വാഴയൂരിൽ ചേർന്ന ലീഗ് ജനപ്രതിനിധികളുടെയും മന്ത്രിമാരുടെയും നൂറു ദിന അവലോകന യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്.
PM SRI പദ്ധതിയിൽ നിന്ന് പൂർണമായി പിന്മാറാൻ സാധിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി N.A. നെല്ലിക്കുന്ന് സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചെങ്കിലും, തൽക്കാലം തിടുക്കത്തിലുള്ള തീരുമാനങ്ങൾ എടുക്കരുതെന്നും വിഷയത്തിൽ കൂടുതൽ ജാഗ്രത വേണമെന്നുമാണ് പാർട്ടി വ്യക്തമാക്കിയത്.
അതേസമയം, അടുത്തിടെ ഉയർന്ന ഭരണപരിഷ്കാര കമ്മീഷൻ നിയമന വിവാദം കോൺഗ്രസിലെ വിഭാഗീയതയുടെ ഭാഗമാണെന്ന് യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. മുന്നണി തലത്തിൽ കൃത്യമായ ചർച്ചകൾക്ക് ശേഷമാണ് നിയമനം നടത്തിയത്. അതിനാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നും അദ്ദേഹം ലീഗ് നേതാക്കളെ അറിയിച്ചു.
പാർട്ടി നേതാക്കളും ജനപ്രതിനിധികളും പൊതുവേദികളിലും മാധ്യമങ്ങൾക്ക് മുന്നിലും സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ നിർദേശിച്ചു. സമൂഹമാധ്യമ പോസ്റ്റുകളിൽ തികഞ്ഞ ശ്രദ്ധ ആവശ്യമാണ്. അനാവശ്യ വിവാദങ്ങളിലേക്ക് പാർട്ടിയെ വലിച്ചിഴക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം. ഷാജിയുമായി ബന്ധപ്പെട്ട് ഉയർന്ന ആഡംബര കാർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു തങ്ങളുടെ പരാമർശം.
ഓരോ മണ്ഡലത്തിലും സംസ്ഥാന തലത്തിലും നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ധർ പങ്കെടുത്ത ഓറിയന്റേഷൻ ക്ലാസും യോഗത്തിന്റെ ഭാഗമായി നടന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവി വികസന പദ്ധതികൾക്ക് കൃത്യമായ മാസ്റ്റർ പ്ലാൻ രൂപീകരിക്കാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്.




