വന്യമൃഗശല്യം: നെൽകർഷകർ ദുരിതത്തിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ബത്തേരി മാറോട് പാടശേഖരത്തിൽ കാട്ടാനകളുടെയും മാനുകളുടെയും കടന്നാക്രമണം കാരണം ഏക്കറുകണക്കിന് നെൽകൃഷി നശിച്ചു. വനാതിർത്തിയിലെ ഫെൻസിങ് സംവിധാനങ്ങൾ അറ്റകുറ്റപ്പണി തീർത്ത് അടിയന്തരമായി കാര്യക്ഷമമാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ബത്തേരി: വന്യമൃഗങ്ങളുടെ കടന്നാക്രമണത്തിൽ നെൽകർഷകരുടെ ജീവിതം നെട്ടോട്ടത്തിൽ. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൃഷിയിറക്കിയ വയനാട്ടിലെ നൂൽപ്പുഴ പഞ്ചായത്ത് മാറോട് പാടശേഖരത്തിലെ കർഷകരാണ് കാട്ടാനകൾക്കും മാനുകൾക്കും മുന്നിൽ കൈമലർത്തുന്നത്.
കാലവർഷത്തിലെ വ്യതിയാനം കാരണം വിത വൈകിയെങ്കിലും തുടക്കത്തിലേ കൃഷിയിറക്കിയവർക്കാണ് ഇപ്പോൾ മാനുകളുടെ ശല്യം മൂലം വൻ നഷ്ടം സംഭവിച്ചിരിക്കുന്നത്. സന്ധ്യ മയങ്ങുന്നതോടെ സമീപത്തെ വനമേഖലയിൽനിന്ന് കൂട്ടത്തോടെയെത്തുന്ന മാനുകൾ നെൽച്ചെടികൾ മേഞ്ഞുതീർക്കുകയാണ്. മാനുകൾ കടിച്ചു മുറിക്കുന്ന ചെടികൾ പിന്നീട് വളരുകയോ തഴച്ചുവളർന്ന് ആവശ്യത്തിന് വിളവ് നൽകുകയോ ഇല്ലെന്ന് കർഷകർ പറയുന്നു. കാട്ടാനശല്യത്തിന് പുറമെയാണ് ഇപ്പോൾ മാനിന്റെ കടന്നുകയറ്റം.
കൃഷിയിടങ്ങൾ സംരക്ഷിക്കാൻ കർഷകർ സ്വന്തം ചെലവിൽ നിർമിക്കുന്ന താൽക്കാലിക വേലികൾ തകർത്താണ് വന്യമൃഗങ്ങൾ പാടത്തേക്കിറങ്ങുന്നത്. വനാതിർത്തിയിലെ സോളാർ ഫെൻസിങ് ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങൾ കാടുകയറിയും അറ്റകുറ്റപ്പണികൾ നടത്താതെയും നോക്കുകുത്തിയായതാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ പ്രധാന കാരണം.
ലക്ഷങ്ങൾ മുടക്കി നടത്തുന്ന നെൽകൃഷി വന്യമൃഗങ്ങൾ നശിപ്പിക്കുന്നത് നിത്യസംഭവമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ശാശ്വതമായ പരിഹാരമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വനാതിർത്തിയിലെ ഫെൻസിങ് സംവിധാനങ്ങൾ അടിയന്തരമായി പുനഃസ്ഥാപിച്ച് കാർഷികമേഖലയെ സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.




