ഹെലികോപ്‌റ്റര്‍ ഇടപാട്: കുടിശിക തീര്‍ത്തു; വേണമെങ്കില്‍ ഇനി വാടകയ്‌ക്കെടുക്കും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ചിപ്‌സൺ ഏവിയേഷൻ കമ്പനിയുമായുള്ള ഹെലികോപ്റ്റർ വെറ്റ് ലീസ് കരാർ സംസ്ഥാന സർക്കാർ പൂർണ്ണമായി അവസാനിപ്പിച്ചു. ഇനി കമ്പനിയുമായി ഇടപാടുകൾ ഉണ്ടാകില്ല.
തിരുവനന്തപുരം: വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ആരോപണ പ്രത്യാരോപണങ്ങൾക്കും വഴിവെച്ച ഹെലികോപ്റ്റർ ഇടപാട് സംസ്ഥാന സർക്കാർ പൂർണ്ണമായി അവസാനിപ്പിച്ചു. കരാർ കമ്പനിയായ ചിപ്‌സൺ ഏവിയേഷന് വെറ്റ് ലീസിന് ഇനത്തിൽ നൽകാനുണ്ടായിരുന്ന 80 ലക്ഷം രൂപയുടെ കുടിശിക അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കി. ഇതോടെ കമ്പനിയുമായുള്ള മുഴുവൻ സാമ്പത്തിക ബാധ്യതകളും തീർപ്പാക്കിയെന്നും ഇനി ഇവരുമായി കരാർ പുതുക്കുകയോ യാതൊരുവിധ ഇടപാടുകൾ നടത്തുകയോ ഇല്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തേക്ക് നടത്തിയ പ്രത്യേക വിമാനയാത്രയാണ് കരാർ ഉപേക്ഷിക്കാൻ സർക്കാറിനെ നിർബന്ധിതരാക്കിയത്. മുഖ്യമന്ത്രിയുടെ യാത്രയുടെ മുഴുവൻ ചെലവും വഹിച്ചത് കരാർ കമ്പനിയായ ചിപ്‌സൺ ഏവിയേഷനാണെന്ന വിവരങ്ങൾ പുറത്തുവന്നതോടെ ഭരണകൂടം കടുത്ത പ്രതിരോധത്തിലായിരുന്നു.
കർണാടക കോൺഗ്രസ് നേതാവ് കെ.ജെ. ജോർജിന്റെ കുടുംബ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷൻസിന്റെ വിമാനത്തിലായിരുന്നു മുഖ്യമന്ത്രിയും സംഘവും ബെല്ലാരി ജിൻഡാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം ഒമ്പത് മണിക്കൂറോളം യാത്ര നടത്തിയത്. വിമാനച്ചാർജും ജി.എസ്.ടിയും അടക്കം 19,88,595 രൂപയാണ് ഈ യാത്രയ്ക്കായി ചെലവായത്. കരാർ കമ്പനി ഇത്രയും ഭീമമായ തുക മുഖ്യമന്ത്രിക്ക് വേണ്ടി ചെലവഴിച്ചത് കടുത്ത താൽപ്പര്യ വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടർന്ന്, നിലവിലുള്ള കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് നൽകിയാണ് ധനവകുപ്പ് ചിപ്‌സണ് നൽകാനുള്ള 80 ലക്ഷം രൂപ അനുവദിച്ചതും കരാർ അവസാനിപ്പിച്ചതും. പോലീസ് നിരീക്ഷണത്തിനും ദുരന്തനിവാരണത്തിനുമായി മാസം തോറും ലക്ഷങ്ങൾ നൽകി സ്ഥിരമായി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്ന രീതി ഇതോടെ പൂർണ്ണമായി നിലയ്ക്കും. ഇത് ഖജനാവിന് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുമെന്നാണ് കരുതുന്നത്.
ഇനിമുതൽ പോലീസിനോ സർക്കാറിനോ അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ മാത്രം മണിക്കൂറിന് നാല് ലക്ഷം രൂപ നിരക്കിൽ വിമാനമോ ഹെലികോപ്റ്ററോ വാടകയ്ക്കെടുക്കാനാണ് പുതിയ തീരുമാനം. അടിയന്തര വ്യോമസേവനങ്ങൾക്കായി കൂടുതൽ സുതാര്യമായ വ്യവസ്ഥകളോടെ ഉടൻ പുതിയ ടെൻഡർ നടപടികളിലേക്ക് കടക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.




