തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ കല്ലേറ്; പിന്നിൽ ആർഎസ്എസ്- ബിജെപി പ്രവർത്തകരെന്ന് കോൺഗ്രസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആക്രമണം നടന്ന ഡിസിസി ഓഫീസിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശനം നടത്തി. അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കു നേരെ പരക്കെ ആക്രമണം. തിരുവനന്തപുരം ഡി.സി.സി ഓഫീസിനു നേരെ ഉണ്ടായ കല്ലേറിൽ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു. നെയ്യാറ്റിൻകരയ്ക്കു സമീപം പാലിയോട് പ്രവർത്തിക്കുന്ന കോൺഗ്രസ് ആനാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടു. ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
പാർട്ടി ഓഫീസിന്റെ പിൻഭാഗത്തുകൂടിയെത്തിയ അക്രമികൾ ഓടുമേഞ്ഞ പഴയ കെട്ടിടത്തിലേക്കും പുറത്തു സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളിലേക്കും ദ്രാവകം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവത്തിനു പിന്നിൽ ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ആക്രമണം നടന്ന ഡി.സി.സി ഓഫീസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. അക്രമികൾ ആരാണെങ്കിലും അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.




