വേണാടിലെ തിരക്കിന് പരിഹാരം; പുതിയ ട്രെയിനിന് അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി; പത്തുദിവസത്തിനകം പുതിയ സർവീസ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

എറണാകുളം-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം.വേണാട് എക്സ്പ്രസിലെ അമിത തിരക്ക് പരിഹരിക്കാനായി ക്രമീകരിക്കുന്ന ഈ ട്രെയിൻ പത്തുദിവസത്തിനകം സർവീസ് ആരംഭിക്കും.
തിരുവനന്തപുരം: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രക്കാരുടെ തിരക്കിന് പരിഹാരമായി എറണാകുളം-കോട്ടയം-ചെങ്ങന്നൂർ-കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിൽ അംഗീകാരം. പത്തുദിവസത്തിനകം പുതിയ ട്രെയിനിന്റെ ആദ്യ സർവീസ് ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഡൽഹിയിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എം.പി വിഷയത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടുത്തിയത്. യാത്രക്കാരുടെ ദുരിതം വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും സഹിതമാണ് അദ്ദേഹം റെയിൽവേ മന്ത്രിയെ കണ്ടത്. സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാർക്ക് ഇരിക്കാനോ നിൽക്കാനോ പോലും ഇടമില്ലാതെ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന സ്ഥിതിയാണുള്ളതെന്ന് എം.പി ചൂണ്ടിക്കാട്ടി.
ഓഫീസ് സമയം കഴിഞ്ഞ് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം ഭാഗങ്ങളിലേക്ക് മടങ്ങുന്ന സ്ഥിരം യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്ന് പുറപ്പെടുന്നതിന് തൊട്ടുമുമ്പായി പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.
തുടർന്ന് റെയിൽവേ മന്ത്രിയുടെ നിർദേശപ്രകാരം റെയിൽവേ ബോർഡ് നടപടികൾ സ്വീകരിക്കുകയും സതേൺ റെയിൽവേ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) നിർദേശം നൽകുകയും ചെയ്തു.
വൈകിട്ട് നാല് മണിയോടെ എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന രീതിയിലാണ് പുതിയ പാസഞ്ചർ ട്രെയിൻ ക്രമീകരിക്കുന്നത്. ഇതിനായി മെമു (MEMU) അല്ലെങ്കിൽ ഐ.സി.എഫ് (ICF) കോച്ചുകൾ ഉപയോഗിക്കുന്ന കാര്യം റെയിൽവേ പരിഗണിച്ചു വരികയാണ്. ആദ്യഘട്ടത്തിൽ എറണാകുളത്തുനിന്ന് കൊല്ലം വരെ സർവീസ് നടത്തുകയും പിന്നീട് ഇത് പുനലൂരിലേക്ക് നീട്ടുന്നതിനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യും. പുതിയ ട്രെയിൻ എത്തുന്നതോടെ വേണാടിലെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ.




