ബാങ്ക് അക്കൗണ്ട് വഴി ലഹരിവസ്തുക്കളുടെ സാമ്പത്തിക ഇടപാടുകൾ, എംഡിഎംഎ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; തലസ്ഥാനത്തെ ലഹരിവിൽപ്പനയിലെ പ്രധാന കണ്ണി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി രണ്ടുപേർ പിടിയിലായ കേസിൽ, ബാങ്ക് അക്കൗണ്ട് വഴി സാമ്പത്തിക ഇടപാടുകൾ നടത്തിവന്ന പ്രധാന കണ്ണി ആർ.എൽ. ആകാശ് (26) കോവളം പൊലീസിന്റെ പിടിയിലായി. ബെംഗളൂരുവിൽനിന്ന് തമിഴ്നാട് വഴി എത്തിച്ച ലഹരിമരുന്നുകളുമായി ജൂൺ 30-ന് രണ്ടുപേർ അറസ്റ്റിലായ സംഭവത്തിൽ, ആകാശിന്റെ ഫോണിൽനിന്ന് ലഹരിവിൽപ്പനയുടെ ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വൻ മയക്കുമരുന്ന് ശേഖരവുമായി രണ്ടുപേർ പിടിയിലായ കേസിൽ മുഖ്യസൂത്രധാരന്മാരിലൊരാൾ കൂടി അറസ്റ്റിൽ. കുളത്തൂർ കിഴക്കുംകര സ്വദേശി ആർ.എൽ. ആകാശിനെയാണ് (26) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ ലഹരിവിൽപ്പനയിലെ പ്രധാന കണ്ണികളിലൊരാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
ലഹരി ഇടപാടുകളുടെ സാമ്പത്തിക കൈമാറ്റങ്ങൾ നടത്തിയത് ആകാശിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ലഹരിക്കടത്തിലൂടെ ആകാശ് സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി കോവളം പൊലീസ് അറിയിച്ചു.
കഴിഞ്ഞ ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം. തുമ്പ കരിമണൽ സ്വദേശി സച്ചു, പാങ്ങപ്പാറ സ്വദേശി അഖിൽ കൃഷ്ണ എന്നിവരെ 120 ഗ്രാമിലധികം എം.ഡി.എം.എ, 4.11 ഗ്രാം ഹാഷിഷ് ഓയിൽ, 200 ഗ്രാം കഞ്ചാവ് എന്നിവയുമായി പൊലീസ് പിടികൂടുകയായിരുന്നു. ബെംഗളൂരുവിൽനിന്ന് ഒന്നരലക്ഷം രൂപയ്ക്ക് വാങ്ങിയ ലഹരിവസ്തുക്കൾ തമിഴ്നാട് വഴി തിരുവനന്തപുരത്തേക്ക് കടത്താൻ ശ്രമിക്കവേയാണ് ഇരുവരും വലയിലായത്.
അറസ്റ്റിലായ സച്ചുവിനും സഹോദരൻ സഞ്ജുവിനുമെതിരെ മുമ്പും ലഹരിക്കേസുകൾ നിലവിലുണ്ട്. പുതിയതായി അറസ്റ്റിലായ ആകാശിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




