രാജി വിവാദം: ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നം തന്നെയെന്ന് വിശ്വസിക്കുന്നുവെന്ന് ശബരിനാഥൻ, പെറ്റി പൊളിറ്റിക്സിന്റെ ആളാണെന്ന് കരുതുന്നില്ല
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ആർ. ശ്രീലേഖ രാജിവെച്ചത് ആരോഗ്യപ്രശ്നങ്ങൾ മൂലമാണെന്ന് വിശ്വസിക്കുന്നുവെന്നും അവർ 'പെറ്റി പൊളിറ്റിക്‌സിന്റെ' ആളല്ലെന്നും കെ.എസ്. ശബരിനാഥൻ പറഞ്ഞു. അറ്റൻഡൻസ് രജിസ്റ്ററിലെ വ്യാജ ഒപ്പ് വിവാദത്തിലും കൗൺസിലിലെ കയ്യാങ്കളിയിലും മേയർ മറുപടി നൽകണമെന്നും കൃത്യമായ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ആർ. ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നഗരസഭ കൗൺസിലർ കെ.എസ്. ശബരിനാഥൻ. ശ്രീലേഖയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെയാവാം രാജിവെച്ചതെന്നാണ് വിശ്വസിക്കുന്നതെന്നും അവർ 'പെറ്റി പൊളിറ്റിക്സിന്റെ' ആളാണെന്ന് കരുതുന്നില്ലെന്നും ശബരിനാഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, രാജി പിന്നീട് പിൻവലിച്ചെങ്കിലും ശാസ്തമംഗലം വാർഡിലെ ജനങ്ങൾക്ക് പൂർണമായും നീതി ലഭിച്ചതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുഗതന്റെ വ്യാജ ഒപ്പാണ് രേഖകളിലുള്ളതെന്ന് തെളിയുകയാണെങ്കിൽ അത് വളരെ ഗൗരവമേറിയ വിഷയമാണെന്നും അതിൽ മറുപടി പറയേണ്ടത് മേയറാണെന്നും ശബരിനാഥൻ ചൂണ്ടിക്കാട്ടി. "കഴിഞ്ഞ ജൂണിൽ നടന്ന കൗൺസിലിൽ കയ്യാങ്കളി ഉണ്ടാക്കിയത് എന്തിനാണെന്ന് വ്യക്തമാക്കണം. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പുണ്ടോ എന്ന് പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് തന്റെ കൈയിൽനിന്ന് ബുക്ക് ബലമായി വാങ്ങി കീറിയത്. അറ്റൻഡൻസ് ബുക്ക് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്ന് ചിലർ പ്രവർത്തിച്ചതെന്ന് സംശയിക്കുന്നു. എന്തോ കാര്യമായി മറയ്ക്കാനുള്ള ശ്രമമായിരുന്നു അത്. വിഷയത്തിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തട്ടെ," ശബരിനാഥൻ വ്യക്തമാക്കി.




