സർക്കാർ ആശുപത്രികളിൽ ജനിച്ചാൽ സ്വർണമോതിരം സമ്മാനം; 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ, വിജയ് മധുരയിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തമിഴ്നാട് സർക്കാരിൻ്റെ അഭിമാന പദ്ധതിയായ 'തായ് മാമൻ തങ്കമോതിരം' പദ്ധതിയുടെ ഉദ്ഘാടനം ഉടൻ. മധുരയിലെ രാജാജി സർക്കാർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ വിജയ് ഉദ്ഘാടനം നിർവഹിക്കും.
മധുര: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം സമ്മാനമായി നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്കമോതിരം’ പദ്ധതി ഉടൻ ഉദ്ഘാടനം ചെയ്യും. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളായ ജോയ് ആലുക്കാസും കല്യാണും ഭാഗമാകുന്നുണ്ട്.
സർക്കാർ ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്കാണ് പദ്ധതിയിലൂടെ സ്വർണ മോതിരം ലഭിക്കുക. ഇ-കെവൈസി ചെയ്ത ആധാർ കാർഡും മേൽവിലാസം തെളിയിക്കുന്ന രേഖകളും ഉള്ളവർക്ക് ആനുകൂല്യം ലഭിക്കും. പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ സർക്കാർ ആശുപത്രികളിൽ നിന്ന് തന്നെ മോതിരം വിതരണം ചെയ്യും.
കഴിഞ്ഞ ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. ഇവർക്കായി സംസ്ഥാനത്തുടനീളം 107 പ്രത്യേക വിതരണ കേന്ദ്രങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ ഒരു കേന്ദ്രത്തിൽ ഒരു ദിവസം 50 പേർക്ക് (രാവിലെ 25, ഉച്ചയ്ക്ക് ശേഷം 25) എന്ന കണക്കിലാണ് വിതരണം. വില്ലേജ് ഹെൽത്ത് നഴ്‌സുമാർ വഴി നൽകുന്ന ക്ഷണക്കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സമയത്ത് മാത്രമായിരിക്കും പ്രവേശനം.
ഉദ്ഘാടന ചടങ്ങിനായി ചെന്നൈയിൽ നിന്ന് മധുര വിമാനത്താവളത്തിലെത്തുന്ന വിജയ് റോഡ് മാർഗമാണ് രാജാജി ആശുപത്രിയിലെത്തുക. തുടർന്ന് ഉച്ചയ്ക്ക് 12.50ഓടെ ഗാന്ധി മ്യൂസിയം സന്ദർശിക്കുന്ന അദ്ദേഹം വൈകുന്നേരം 3.45ന് മധുര മീനാക്ഷി ക്ഷേത്രത്തിലും ദർശനം നടത്തും.




