സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം: കേസെടുക്കാതെ പൊലീസ്, സംഘാടനത്തിലും ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അപകടമുണ്ടായിട്ടും പരാതിക്കാരില്ലെന്ന ന്യായം പറഞ്ഞ് കേസെടുക്കാതെ പൊലീസും, അന്വേഷണം റൂഫിങ് തകർന്നതിൽ മാത്രം ഒതുക്കി വിദ്യാഭ്യാസ വകുപ്പും. സംഘാടക സമിതി യോഗം ഒരുതവണ പോലും ചേരാതെയാണ് മേള നടത്തിയതെന്നും സംഘാടനത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായും വിവരങ്ങൾ പുറത്തുവന്നു.
തൃശൂർ: സംസ്ഥാന സ്കൂൾ ഗെയിംസിനിടെ അപകടമുണ്ടായിട്ടും പരാതിക്കാരില്ലെന്ന ന്യായം പറഞ്ഞ് കേസെടുക്കാതെ പൊലീസ്. സംഭവം ഗുരുതര സ്വഭാവമുള്ളതല്ലെന്നും അതിനാൽ സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നുമാണ് പൊലീസിന്റെ വിലയിരുത്തൽ. അതേസമയം, മേളയുടെ സംഘാടനത്തിൽ വൻ വീഴ്ച സംഭവിച്ചതിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നു.
ക്ഷണക്കത്ത് നൽകിയത് ഒഴിച്ചാൽ മേളയ്ക്കായി ഒരുതവണ പോലും സംഘാടക സമിതി യോഗം ചേർന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. തൃശൂർ എം.എൽ.എ ചെയർമാനായ സംഘാടക സമിതി പേപ്പറിൽ മാത്രം ഒതുങ്ങുകയായിരുന്നു. എം.എൽ.എ രാജൻ ജെ. പല്ലനും സമിതി അംഗമായ മേയർക്കും ഗെയിംസിന്റെ ക്ഷണക്കത്ത് മാത്രമാണ് സംഘാടകർ നൽകിയത്. കാര്യങ്ങൾ വൈകി അറിയിച്ചതിൽ തൃശൂർ എം.പി ഓഫീസും അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗിക തിരക്കുകൾ മൂലമാണ് യോഗം ചേരാൻ കഴിയാതിരുന്നതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. അധ്യാപക സംഘടനാ പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികൾ രൂപീകരിക്കുക മാത്രമാണ് വകുപ്പ് ചെയ്തത്.
താല്ക്കാലിക റൂഫിങ് തകർന്നുവീണതിനെപ്പറ്റി മാത്രമാണ് നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നത്. സംഘാടനത്തിലുണ്ടായ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.




