മാസപ്പടിക്കേസ് ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് എസ്ഐടി ; റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് നോട്ടീസ് നല്‍കി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

മാസപ്പടിക്കേസിൽ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് എസ്ഐടി നോട്ടീസ് അയച്ചതോടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികൾക്ക് തുടക്കമായി. ഡയറി കുറിപ്പുകൾ മാത്രം വെച്ച് കേസെടുക്കാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന സർക്കാർ, വിശദമായ അന്വേഷണത്തിന് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
കൊച്ചി: ഏറെ കോലാഹലങ്ങൾ സൃഷ്ടിച്ച മാസപ്പടിക്കേസിൽ വിജ്ഞാപനം ഇറക്കി നടപടികൾ വേഗത്തിലാക്കി പ്രത്യേക അന്വേഷണസംഘം (എസ്ഐടി). കേസിൽ സംസ്ഥാന മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുൾപ്പെടെയുള്ള പ്രമുഖരെ വൈകാതെ ചോദ്യം ചെയ്തേക്കും. കേസിൽ കടുത്ത സമ്മർദ്ദം നിലനിൽക്കുന്നുണ്ടെങ്കിലും വിശദമായ അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്നാണ് സർക്കാർ തീരുമാനം.
അതേസമയം, വിദേശത്തേക്ക് നിയമവിരുദ്ധമായി പണം കടത്തിയെന്ന ആരോപണത്തിൽ പി.എ. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്തുക്കളായ ഹസൻവാരിസ്, നിഖിൽ എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകി എസ്ഐടി നോട്ടീസ് അയച്ചു.
മുമ്പ് ഇരുവരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തിരുന്നു. എന്നാൽ, ഭീഷണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയുമാണ് ഇ.ഡി മൊഴിയെടുത്തതെന്നും അതിനാൽ ആ മൊഴി പിൻവലിക്കുകയാണെന്നും കാണിച്ച് ഹസൻവാരിസ് അപേക്ഷ നൽകിയിട്ടുണ്ട്. ഈ വിഷയത്തിലും എസ്ഐടി വ്യക്തത വരുത്തും.
കൈക്കൂലി വാങ്ങിയതിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നായിരുന്നു ഇ.ഡി നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. വീണ വിജയൻ കൈപ്പറ്റിയ പണം പിണറായി വിജയനു വേണ്ടി വാങ്ങിയതാണെന്ന് അനുമാനിക്കാമെന്നും കൈക്കൂലിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുക്കാമെന്നുമുള്ള നിയമോപദേശവും പുറത്തുവന്നിരുന്നു.
എന്നാൽ കേവലം ഡയറി കുറിപ്പുകളുടെ മാത്രം അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന നിലപാടിലാണ് സർക്കാർ. ഇതേത്തുടർന്നാണ് കാര്യങ്ങൾ വിശദമായി പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകിയത്.




