2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുട്ടികളുടെ അന്തസിന്‌ നിയമം തടസമായാല്‍ കോടതികള്‍ രക്ഷയാകണം: ഹൈക്കോടതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 2, വെള്ളി | 04:30 AM
പങ്കുവെക്കുക:
കുട്ടികളുടെ അന്തസിന്‌ നിയമം തടസമായാല്‍ കോടതികള്‍ രക്ഷയാകണം: ഹൈക്കോടതി
കുട്ടികളുടെ അന്തസിന്‌ നിയമം തടസമായാല്‍ കോടതികള്‍ രക്ഷയാകണം: ഹൈക്കോടതികേരളപ്രഭാതം

കുട്ടികളുടെ അന്തസ്സിന് നിയമതടസ്സങ്ങളുണ്ടായാൽ കോടതികൾ സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ലിവിങ് ഇൻ പങ്കാളികളുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.

കൊച്ചി: കുട്ടികളുടെ അന്തസ്സിനും അവകാശങ്ങൾക്കും നിയമപരമായ തടസ്സങ്ങൾ നേരിടുന്ന സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾ അവർക്ക് സംരക്ഷണ കവചമൊരുക്കണമെന്ന് ഹൈക്കോടതി. മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ നിയമപ്രശ്നങ്ങളും പ്രതിസന്ധികളും രാജ്യത്തിന്റെ അമൂല്യസ്വത്തായ കുട്ടികളെ ബാധിക്കരുതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

കുമാരനാശാന്റെ 'പരുക്കേറ്റ കുട്ടി' എന്ന കവിതയിലെ "അരികത്തമ്പോടു വരുന്നുണ്ടമ്മ ഞാൻ..." എന്ന വരികൾ ഉദ്ധരിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. നിയമത്തിന്റെ നൂലാമാലകൾ കുട്ടിയുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുമ്പോൾ കോടതികൾ അവർക്ക് തണലാകണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവാഹിതരാകാതെ ഒരുമിച്ച് കഴിയുന്ന (ലിവിങ് ഇൻ റിലേഷൻഷിപ്പ്) പങ്കാളികളുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ പിതാവിന്റെ പേര് തിരുത്താൻ ഉത്തരവിട്ടുകൊണ്ടാണ് കോടതി പ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ ശേഷം ലിവിങ് ഇൻ റിലേഷൻഷിപ്പിൽ കഴിഞ്ഞിരുന്ന പങ്കാളികൾക്ക് ഫെബ്രുവരി നാലിനാണ് പെൺകുഞ്ഞ് ജനിച്ചത്. എന്നാൽ, ജനന രജിസ്റ്ററിൽ പിതാവിന്റെ സ്ഥാനത്ത് അമ്മയുടെ മുൻഭർത്താവിന്റെ പേരാണ് രേഖപ്പെടുത്തിയത്. ഇത് തിരുത്താൻ കൊച്ചി നഗരസഭയെ സമീപിച്ചെങ്കിലും നിയമതടസ്സം ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു. തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്.

നിലവിലെ നിയമപ്രകാരം ഡി.എൻ.എ പരിശോധനയിലൂടെ വേണം പിതൃത്വം തെളിയിക്കാൻ. സ്വന്തം മാതാപിതാക്കളെ തെളിയിക്കാൻ പിഞ്ചുകുഞ്ഞിനെ ഡി.എൻ.എ പരിശോധനയ്ക്ക് വിധേയമാക്കുന്നത് അപമാനകരമാണെന്ന് കോടതി പറഞ്ഞു. രക്ഷാകർതൃ തർക്കമില്ലാത്ത സാഹചര്യങ്ങളിൽ ഡി.എൻ.എ പരിശോധന ഒഴിവാക്കുന്നത് പരിഗണിക്കണം. ജനന-മരണ രജിസ്ട്രേഷൻ നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുന്നതിനെക്കുറിച്ച് സർക്കാരുകൾ ഗൗരവമായി ചിന്തിക്കണമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

തങ്ങളുടെ അവകാശസംരക്ഷണത്തിനായി കോടതിക്ക് ഇടപെടാനാകുന്ന 'പേരൻസ് പാട്രിയേ' (രാജ്യത്തിന്റെ രക്ഷിതാവ്) എന്ന അധികാരത്തെക്കുറിച്ച് കുട്ടികൾ ബോധവാന്മാരാകേണ്ടതുണ്ട്. ഇത് സ്കൂൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കുട്ടിയുടെ പിതാവിന്റെ പേര് തിരുത്തി ഒരു മാസത്തിനകം പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ കൊച്ചി നഗരസഭാ രജിസ്ട്രാർക്ക് കോടതി ഉത്തരവ് നൽകി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്