മുഖ്യമന്ത്രി ആര്‍എസ്എസിന്റെ സ്‌പോണ്‍സര്‍ ; വി.ഡി. സതീശന്റെ പിന്തുണ നഷ്ടമായെന്ന് എം.വി. ഗോവിന്ദന്‍
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിലും യു.ഡി.എഫിലും ഒറ്റപ്പെട്ടുവെന്നും നിലപാടുകൾ ബി.ജെ.പി അനുകൂലമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. സതീശന്റെ ഏകപക്ഷീയ ശൈലിക്കെതിരെ മുന്നണിക്കുള്ളിലെ ഭിന്നത രൂക്ഷമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോൺഗ്രസിലും യു.ഡി.എഫിലും ഒറ്റപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ ബി.ജെ.പിക്കും ആർ.എസ്.എസിനും അനുകൂലമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യു.ഡി.എഫിലെ ഘടകകക്ഷികളും മുന്നണി നേതൃത്വവും സതീശന്റെ ശൈലിക്കെതിരെ രംഗത്തുവന്നത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
യു.ഡി.എഫിൽ സതീശനേക്കാൾ അടൂർ പ്രകാശിനാണ് കൂടുതൽ പിന്തുണ ലഭിക്കുന്നത്. മുന്നണി തീരുമാനങ്ങളെക്കുറിച്ച് യു.ഡി.എഫ് കൺവീനർ പോലും അറിയാത്ത സാഹചര്യമാണുള്ളത്. സതീശന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്തുവന്നത് മുന്നണിയിലെ ആഭ്യന്തര ഭിന്നത രൂക്ഷമാണെന്നതിന്റെ തെളിവാണെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസിനുള്ളിലെയും മുന്നണിയിലെയും ഭിന്നതകൾ പരിഹരിക്കാനാകാത്ത വിധം വഷളായിരിക്കുകയാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അനുയായികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾ സതീശന്റെ ശൈലിയിൽ അതൃപ്തരാണെന്നാണ് സൂചന. ഇതിനിടയിലാണ് അടൂർ പ്രകാശിന്റെ വിമർശനം.
അതിനിടെ, മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് പാർട്ടിയെ വലിച്ചിഴച്ചതിൽ മുസ്ലിം ലീഗിനും അമർഷമുണ്ട്. മുൻകൂട്ടി ധാരണയായ ഒരു വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കിയതിൽ പ്രയാസമുണ്ടെന്ന് എം.കെ. മുനീറും വ്യക്തമാക്കി.




