കൃത്രിമ ഗർഭധാരണം: പ്രായപരിധി കഴിഞ്ഞ ദമ്പതികൾക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ ചികിത്സ തുടരാൻ ഹൈക്കോടതിയുടെ അനുമതി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി നിയമ പ്രകാരമുള്ള പ്രായപരിധി കഴിഞ്ഞെങ്കിലും തൃശൂർ സ്വദേശികളായ ദമ്പതികൾക്ക് കൃത്രിമ ഗർഭധാരണ ചികിത്സ തുടരാൻ ഹൈക്കോടതി അനുമതി നൽകി. ചികിത്സയുടെ പ്രത്യാഘാതങ്ങൾ സ്വയം ഏറ്റെടുക്കാമെന്ന് കാണിച്ച് സമ്മതപത്രം നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്.
തൃശൂർ സ്വദേശികളായ ദമ്പതികൾക്ക്, അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി നിയമ പ്രകാരമുള്ള പ്രായപരിധി പിന്നിട്ടിട്ടും കൃത്രിമ ഗർഭധാരണ ചികിത്സ തുടരാൻ ഹൈക്കോടതി അനുമതി. ചികിത്സ മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ സ്വയം ഏറ്റെടുക്കാമെന്ന് വ്യക്തമാക്കുന്ന സമ്മതപത്രം നൽകണമെന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. സമാനമായ കേസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി പുറപ്പെടുവിച്ച വിധി കൂടി മുൻനിർത്തിയാണ് കോടതി നടപടി.
നോട്ടറി സാക്ഷ്യപ്പെടുത്തിയ സമ്മതപത്രം അസിസ്റ്റഡ് റിപ്രൊഡക്ടിവ് ടെക്നോളജി ബോർഡിന് മുൻപാകെ സമർപ്പിച്ചാൽ ആശുപത്രി അധികൃതർ തുടർചികിത്സ നൽകണമെന്ന് കോടതി നിർദേശിച്ചു.
നിയമപ്രകാരം കൃത്രിമ ഗർഭധാരണ ചികിത്സക്കുള്ള പ്രായപരിധി സ്ത്രീകൾക്ക് 50 വയസ്സും പുരുഷന്മാർക്ക് 55 വയസ്സുമാണ്. 2023-ൽ ചികിത്സ ആരംഭിച്ച ദമ്പതികൾക്ക് പ്രായപരിധി കഴിഞ്ഞതോടെ തുടർചികിത്സ നിഷേധിക്കുകയായിരുന്നു. ഇതിനെതിരെയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. ചികിത്സയുടെ എല്ലാ പ്രത്യാഘാതങ്ങളും ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഇവർ കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.




