മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കൺവീനറുടെ പരസ്യവിമർശനത്തിൽ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി; മുഖ്യമന്ത്രി കൂടിയാലോചന നടത്തുന്നില്ലെന്ന് കൂടുതൽ നേതാക്കൾ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

യു.ഡി.എഫിലോ സർക്കാരിലോ യാതൊരു പ്രതിസന്ധിയുമില്ലെന്നും മുന്നണി പൂർണ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും കെ.പി.സി.സി വ്യക്തമാക്കി. സംഘടനാ കാര്യങ്ങൾ പാർട്ടി വേദികളിൽ ചർച്ച ചെയ്യേണ്ടതാണെന്നും പരസ്യപ്രസ്താവനകൾ ഒഴിവാക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഭരണശൈലിക്കെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പരസ്യമായി രംഗത്തെത്തിയതോടെ കോൺഗ്രസിലും മുന്നണിയിലും കടുത്ത ഭിന്നത. കെ.പി.സി.സി ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ച് മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിക്കെതിരെ കൺവീനർ വിമർശനമുന്നയിച്ച നടപടിയിൽ സതീശൻ പക്ഷം ശക്തമായ അമർഷത്തിലാണ്. എം.കെ. മുനീറിന്റെ പദവിയുമായി ബന്ധപ്പെട്ട് നേരത്തെ ധാരണയായ വിഷയം അടൂർ പ്രകാശ് അനാവശ്യമായി വിവാദമാക്കുകയായിരുന്നുവെന്നാണ് ഇവരുടെ നിലപാട്.
അതേസമയം, തീരുമാനങ്ങളിൽ മുഖ്യമന്ത്രി ഏകപക്ഷീയമായി ഇടപെടുന്നുവെന്നും കൂടിയാലോചനകൾ നടത്തുന്നില്ലെന്നുമുള്ള പരാതി മുന്നണിയിലെ കൂടുതൽ നേതാക്കൾക്കും ഉള്ളതായി സൂചനയുണ്ട്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി നാലാം മാസത്തിലേക്ക് കടക്കവെയാണ് മുന്നണി കൺവീനറിൽ നിന്നുതന്നെ മുഖ്യമന്ത്രിയുടെ പ്രവർത്തനരീതിക്കെതിരെ രൂക്ഷമായ വിമർശനമുയരുന്നത്.
തീരുമാനങ്ങളെടുക്കുമ്പോൾ കൂടിയാലോചനകൾ ഉണ്ടാകുന്നില്ല, ചർച്ചകളിൽ പങ്കാളിത്തം നൽകുന്നില്ല, യു.ഡി.എഫ് യോഗങ്ങൾ യഥാസമയം വിളിച്ചുചേർക്കുന്നില്ല, സുതാര്യതയില്ലെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് മുന്നണി കൺവീനർ ഉന്നയിച്ചത്. മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച വിഷയങ്ങൾ കത്തുമുഖേന എ.ഐ.സി.സിയെ അറിയിക്കാനാണ് അടൂർ പ്രകാശിന്റെ നീക്കം. മുന്നണി കൺവീനർ സ്ഥാനത്ത് തുടരണമോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് അദ്ദേഹം.
വിഷയത്തിൽ വികാരഭരിതമായ പ്രതികരണങ്ങളാണ് പാർട്ടിക്കുള്ളിൽ നിന്നുണ്ടാകുന്നത്. പാർട്ടി വേദികളിൽ പറയേണ്ട കാര്യങ്ങൾ പരസ്യമായി ഉന്നയിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചെങ്കിലും സംഭവത്തിൽ ഹൈക്കമാൻഡിനും ശക്തമായ അതൃപ്തിയുണ്ടെന്നാണ് സൂചന. അഭിപ്രായം തുറന്നുപറയേണ്ട ചില കാര്യങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്ന് യു.ഡി.എഫ് മുൻ കൺവീനർ ബെന്നി ബഹനാനും പ്രതികരിച്ചു.




