വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാതിക്രമം: അപലപിച്ചും ആശങ്ക രേഖപ്പെടുത്തിയും Press Club Of India അടക്കം സംഘടനകള്‍
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡല്‍ഹി: ഒക്ടോബര്‍ 2ന് ജന്തര്‍മന്തറിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഡല്‍ഹി പൊലീസില്‍ നിന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തെ അപലപിച്ച് വിവിധ സംഘടനകള്‍.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ വുമണ്‍സ് പ്രസ് കോര്‍പ്‌സ്, ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് (DUJ), കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ( KUWJ ഡല്‍ഹി യൂണിറ്റ്) എന്നിവ സംഭവത്തില്‍ ഞെട്ടലും ആശങ്കയും രേഖപ്പെടുത്തി.
എ.സി.പി. വിവേക് ഭഗത്, യുവ മാധ്യമ പ്രവര്‍ത്തകയുടെ ശരീരത്തില്‍ അനുചിതമായി സ്പര്‍ശിക്കുകയും ചോദ്യം ചെയ്തപ്പോള്‍ ഓടിപ്പോവുകയും ചെയ്‌തെന്ന് അടക്കമാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആക്രമണത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യിക്കാന്‍ മാധ്യമ പ്രവര്‍ത്തക കഴിഞ്ഞ രണ്ട് ദിവസമായി ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല.
ഡല്‍ഹി പൊലീസ് സ്വീകരിക്കുന്ന നിഷേധാത്മക സമീപനം ക്രൂരവും ജനാധിപത്യ അവകാശങ്ങള്‍ക്ക് മേലുള്ള ആക്രമണവുമായി സംഘടനകള്‍ അപലപിക്കുന്നു.
നിശ്ചയിക്കപ്പെട്ട സമരകേന്ദ്രമായ ജന്തര്‍ മന്തറില്‍ ഒത്തുകൂടാന്‍ അനുവദിച്ചില്ല, ഇവിടുത്തെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് തടയാന്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി എന്നിങ്ങനെ ാെലീസിനെതിരെ വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്.
പല മാധ്യമ പ്രവര്‍ത്തകരോടും പൊലീസ് പ്രസ് കാര്‍ഡുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് പൊലീസുകാര്‍ പേര് രേഖപ്പെടുത്തിയ ബാഡ്ജുകള്‍ ധരിക്കാത്തതെന്ന് തിരിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
പാര്‍ലമെന്റും മന്ത്രാലയങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം നല്‍കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ (പി.ഐ.ബി) തിരിച്ചറിയല്‍ കാര്‍ഡുകള്‍ വേണമെന്ന് പൊലീസ് നിര്‍ബന്ധിക്കുന്നത് അസംബന്ധമാണെന്നും സംഘടനകള്‍ വിശദീകരിക്കുന്നു.
സിറ്റി റിപ്പോര്‍ട്ടര്‍മാര്‍ക്ക് പലപ്പോഴും പി.ഐ.ബി കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകാറില്ല, ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകര്‍ക്കും ഇവ അപൂര്‍വ്വമായേ ലഭിക്കാറുള്ളൂ. എന്നാല്‍ ഒരു പൊതുയോഗമോ തെരുവ് സമരമോ റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ഇതിനര്‍ത്ഥമില്ല.
ഇത്തരത്തില്‍, തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ DUJ രോഷവും ആശങ്കയും പ്രകടിപ്പിച്ചു. സെപ്റ്റംബറില്‍ രണ്ട് വനിതാ മാധ്യമ പ്രവര്‍ത്തകരെ സാകേത് പൊലീസ് സ്റ്റേഷനില്‍ തടഞ്ഞുവച്ച് മര്‍ദ്ദിച്ച സംഭവവും സംഘടന ചൂണ്ടിക്കാട്ടുന്നു.
തങ്ങളുടെ ജോലി ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള ഇത്തരം മോശമായ പെരുമാറ്റം ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും മേലുള്ള വെല്ലുവിളിയാണ്. ജനങ്ങളെ സംരക്ഷിക്കാനും സുരക്ഷിതരാക്കാനും ബാധ്യതപ്പെട്ടതാണ് പൊലീസ് സേന.
എന്നാല്‍ അവരില്‍ നിന്ന് നിരുത്തവാദപരമായ നടപടികളുണ്ടാവുകയും നഗരത്തില്‍ ക്രമസമാധാന തകര്‍ച്ചയുണ്ടാവുകയും ചെയ്യുന്നുവെന്നത് ആശങ്കാജനകമാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണങ്ങളില്‍ നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം വേണം.
മാധ്യമങ്ങള്‍ പോലും സുരക്ഷിതമല്ലെങ്കില്‍, പിന്നെ ആര്‍ക്കാണ് രാജ്യത്ത് രക്ഷയുള്ളതെന്നും ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ് ചോദ്യമുയര്‍ത്തുന്നു. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് - ഡല്‍ഹി ഘടകം, സമഗ്രമായ അന്വേഷണവും ആവശ്യപ്പെട്ടു




