റിപ്പോർട്ടർ ടിവി ഉടമ ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ വീട്ടിൽനിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ബാങ്ക് ലേലത്തിൽ പിടിച്ച വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്ന് ആന്റോ അവകാശപ്പെടുമ്പോഴും യഥാർത്ഥ കൈവശക്കാരൻ അദ്ദേഹം തന്നെയാണെന്ന നിലപാടിലാണ് എക്സൈസ്.
കൽപ്പറ്റ: റിപ്പോർട്ടർ ടി.വി. ഉടമയും മാനേജിങ് ഡയറക്ടറുമായ ആന്റോ അഗസ്റ്റിന്റെ വയനാട് മീനങ്ങാടി വാഴവറ്റയിലെ വീട്ടിൽനിന്ന് അളവിൽ കൂടുതൽ മദ്യം പിടികൂടിയ കേസിൽ ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് ആണ് കൽപ്പറ്റ സെഷൻസ് കോടതിയെ സമീപിച്ചത്. എക്സൈസ് സംഘം ചോദ്യം ചെയ്യലിനായി ഉടൻ നോട്ടീസ് നൽകുമെന്ന വിവര പുറത്തുവന്നതിനു പിന്നാലെയാണ് മുൻകൂർ ജാമ്യത്തിനായുള്ള നീക്കം.
അനധികൃതമായി മദ്യം കണ്ടെടുത്ത വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്ന് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ബാങ്ക് ജപ്തിചെയ്ത വീട് ലേലത്തിൽ പിടിച്ചത് ലില്ലിയാണെന്നും നിലവിൽ കോടതി അറ്റാച്ച്മെന്റ് നടപടികളുടെ ഭാഗമായി നിൽക്കുന്ന വസ്തുവായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമാണ് ആന്റോ അഗസ്റ്റിന്റെ വാദം.
എന്നാൽ, സാങ്കേതികമായി മറ്റൊരാളുടെ പേരിലാണെങ്കിലും വീടിന്റെ യഥാർത്ഥ കൈവശക്കാരനും ഉപയോഗിക്കുന്നതും ആന്റോ അഗസ്റ്റിൻ തന്നെയാണെന്ന ഉറച്ച നിലപാടിലാണ് അന്വേഷണ സംഘം.




