കയ്യാങ്കളിവിവാദം യുഡിഎഫിന് തിരിച്ചടിയായി ; ചിറയിന്‍കീഴ് അഞ്ചുതെങ്ങ് ഡിവിഷന്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

നേതാക്കൾ തമ്മിലുണ്ടായ കയ്യാങ്കളി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, യുഡിഎഫിന്റെ കൈവശമിരുന്ന ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ബിജിമോൾ 395 വോട്ടുകൾക്ക് പിടിച്ചെടുത്തു.
തിരുവനന്തപുരം: നേതാക്കള്‍ തമ്മിലുള്ള പരസ്യപ്പോരും കയ്യാങ്കളിവിവാദവും പുകയുന്നതിനിടെ, ചിറയിന്‍കീഴിലെ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടി. കോൺഗ്രസിന്റെ കൈവശമിരുന്ന ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിജിമോള്‍ 395 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.
കോണ്‍ഗ്രസ് പ്രതീകമായി വിജയിച്ച അനൂപ് പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മംഗലപുരത്തും തിളങ്ങി എല്‍ഡിഎഫ്; ഭരണം ഇനി തനിച്ച് തിരുവനന്തപുരം മംഗലപുരം ഗ്രാമപഞ്ചായത്തിലെ മുണ്ടയ്ക്കല്‍ വാര്‍ഡിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. യുഡിഎഫിന്റെ കൈയിലിരുന്ന വാര്‍ഡ് 139 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ വി. തുളസി പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ഭരണം നടത്തിയിരുന്ന എല്‍ഡിഎഫിന് ഈ വിജയത്തോടെ മംഗലപുരം പഞ്ചായത്ത് ഭരണം ഇനി തനിച്ച് മുന്നോട്ടുകൊണ്ടുപോകാനാകും.
വിലങ്ങുതടിയായി പോരും കയ്യാങ്കളിയും മുന്‍ എംപി രമ്യാ ഹരിദാസും ജില്ലാ പഞ്ചായത്തംഗവും തമ്മില്‍ നടന്ന കയ്യാങ്കളിയും പരസ്യപ്പോരും കോണ്‍ഗ്രസിനെ വന്‍ നാണക്കേടിലേക്ക് തള്ളിവിട്ടിരുന്നു. ഇതാണ് ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങളായി യുഡിഎഫ് നിലനിര്‍ത്തിയിരുന്ന രണ്ടു സുരക്ഷിത സീറ്റുകളാണ് ഇതോടെ കൈവിട്ടുപോയത്. തോല്‍വി വരുംദിവസങ്ങളില്‍ കോണ്‍ഗ്രസിനുള്ളില്‍ വലിയ പടലപ്പിണക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചേക്കും.
മറ്റു ഫലങ്ങളില്‍, വര്‍ക്കലയില്‍ 925 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫ് വിജയം ഉറപ്പിച്ചപ്പോള്‍ ബിജെപി രണ്ടാമതെത്തി. അതേസമയം തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുകയാണ്.




