വിളവെടുപ്പിന് രണ്ട് മാസം മാത്രം; കാസര്‍ഗോഡ് കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം ഭൂമിയിലെ കൃഷി നശിപ്പിച്ചു
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാസർകോട് വെള്ളരിക്കുണ്ടിൽ വിളവെടുപ്പിന് രണ്ടുമാസം ബാക്കിനിൽക്കെ കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം വരുന്ന കൃഷി നശിപ്പിച്ചു. ആയിരത്തോളം കപ്പയും ഇരുന്നൂറോളം ചേനയുമുൾപ്പെടെ നശിച്ചതിലൂടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു.
കാസർകോട്: വിളവെടുപ്പിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ വെള്ളരിക്കുണ്ടിൽ കാട്ടുപന്നിക്കൂട്ടം രണ്ടര ഏക്കറോളം ഭൂമിയിലെ കൃഷി നശിപ്പിച്ചു. ചാലിങ്കൽ ടോമി കൊച്ചുപറമ്പിൽ, പാപ്പച്ചി എന്നിവരുടെ കൃഷിയിടങ്ങളിലാണ് വ്യാപക നാശമുണ്ടായത്. വിമല എസ്റ്റേറ്റ് ഭാഗത്താണ് പന്നിക്കൂട്ടം ഇറങ്ങിയത്.
രണ്ടര ഏക്കറിലുണ്ടായിരുന്ന ആയിരത്തോളം കപ്പയും ഇരുന്നൂറോളം ചേനയും ചേമ്പുമെല്ലാം കുത്തിപ്പൊളിച്ചു. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വേലികെട്ടി സംരക്ഷിച്ച കൃഷിയിടത്തിലാണ് പന്നിക്കൂട്ടം നാശം വിതച്ചത്.
പകൽസമയത്ത് മയിലും കുരങ്ങും രാത്രിയിൽ കാട്ടുപന്നികളും കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് കർഷകർ പറയുന്നു. തുടർച്ചയായി വന്യമൃഗശല്യം ഉണ്ടായിട്ടും അർഹമായ സഹായമോ നഷ്ടപരിഹാരമോ ലഭിക്കുന്നില്ലെന്നാണ് പരാതി. എങ്കിൽപ്പിന്നെ കൃഷി അവസാനിപ്പിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് കർഷകർ കണ്ണീരോടെ പറയുന്നു.




