വലിയ അംഗീകാരമായും ദൗത്യമായും കാണുന്നു, പ്രവൃത്തി പരിചയം മുതൽക്കൂട്ടാകും; ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കൊച്ചി: കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി തന്നെ തിരഞ്ഞെടുത്തത് വലിയ അംഗീകാരമായി കാണുന്നുവെന്ന് നടൻ രവീന്ദ്രൻ. പല ഫിലിം ഫെസ്റ്റുകളുടേയും ഡയറക്ടറായുള്ള പ്രവൃത്തി പരിചയം മുതൽക്കൂട്ടാകുമെന്നും രവീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. പ്രവർത്തനങ്ങളിലൂടെ എന്തെല്ലാം ചെയ്യാൻ കഴിയുമോ സാധ്യമായതെല്ലാം അക്കാദമിയ്ക്കായി ചെയ്യും. തനിക്ക് ചലച്ചിത്ര മേളകളുമായി 40 വർഷത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അക്കാദമിയുടെ തലപ്പത്തേക്ക് എത്താൻ ആഗ്രഹിച്ചിരുന്നു. മലയാള സിനിമകളെ രാജ്യാന്തര തരത്തിലേക്ക് കൂടുതൽ എത്തിക്കാൻ ശ്രദ്ധ കേന്ദ്രീകരിക്കും. സർക്കാരിനും സാംസ്കാരിക വകുപ്പിനും നന്ദി എന്നും താരം ട്വന്റിഫോറിനോട് പറഞ്ഞു.
പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ. ധർമ്മജൻ ബോൾഗാട്ടി, വൈക്കം വിജയലക്ഷ്മി,സക്കരിയ, ദീപു കരുണാകരൻ തുടങ്ങിയവരെ ഉൾപ്പെടുത്തി ജനറല് കൗണ്സില് പുനഃ സംഘടിപ്പിച്ചു.
മികച്ച സിനിമ തിരഞ്ഞെടുക്കുന്നതിൽ മാത്രം ഒതുങ്ങാതെ, സിനിമയ്ക്ക് യോജിച്ച വേദിയും പ്രേക്ഷകരും സംവാദപരിസരവും സൃഷ്ടിക്കുന്ന ക്യൂറേറ്റോറിയൽ സമീപനമാണ് രവീന്ദ്രന്റെ പ്രവർത്തനങ്ങളുടെ സവിശേഷത.
തൃപ്പൂണിത്തുറയിൽ ഏലിയാസിന്റെയും ഡോ. സാറാമ്മയുടെയും മകനായി ജനിച്ച രവീന്ദ്രൻ ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയപഠനം പൂർത്തിയാക്കി. 1980-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ഒരു തലൈ രാഗ’ത്തിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായത്. ചിത്രം വലിയ ജനപ്രീതി നേടിയതോടെ രവീന്ദ്രനും ശ്രദ്ധേയനായ താരമായി മാറി. തുടർന്ന് തമിഴിലും മലയാളത്തിലുമായി സജീവമായ അദ്ദേഹം അന്നത്തെ രജനികാന്ത്–കമൽഹാസൻ കാലഘട്ടത്തിലെ തമിഴ് സിനിമയുടെ പ്രധാനധാരയിലും ശ്രദ്ധേയ സാന്നിധ്യമായി. സകലകലാ വല്ലവൻ, രാം ലക്ഷ്മൺ, രംഗ, പൊക്കിരി രാജ, തങ്കമകൻ, പെർ സൊല്ലും പിള്ളൈ തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചു. മലയാളത്തിൽ അശ്വരഥം, ഈ നാട്, ജോൺ ജാഫർ ജനാർദ്ദനൻ, ഇന്നലെ ഇന്നെങ്കിൽ, സിന്ദൂരസന്ധ്യയ്ക്ക് മൗനം, അതിരാത്രം, ഇടനിലകൾ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടി.
Read Also: നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാനാകും; സർക്കാർ ഉത്തരവ് ഉടൻ
എന്നാൽ രവീന്ദ്രന്റെ സിനിമാജീവിതം അഭിനയത്തിൽ നിന്ന് വഴിമാറി, ലോക സിനിമയെ പഠിക്കാനുള്ള നിരന്തര അന്വേഷണ യാത്രയായി മാറി. അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലത്ത് തന്നെ അന്താരാഷ്ട്ര സിനിമയുമായി പരിചയപ്പെട്ട അദ്ദേഹം പിന്നീട് പൂനെയിലെ ചലച്ചിത്രാസ്വാദന പഠനപരിപാടിയിലൂടെ സിനിമയുടെ ഭാഷയും സൗന്ദര്യശാസ്ത്രവും കൂടുതൽ ആഴത്തിൽ പഠിച്ചു. ജോൺ എബ്രഹാം, ഭരതൻ തുടങ്ങിയവരുമായി നടന്ന സിനിമാസംവാദങ്ങളും പിന്നീട് സത്യജിത് റേയുടെ ഛായാഗ്രാഹകനായ സൗമേന്ദു റോയിയോടൊപ്പം പ്രവർത്തിച്ച അനുഭവവും സിനിമയെ കൂടുതൽ ഗൗരവത്തോടെ പഠിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് സിനിമയുടെ മറ്റു മേഖലകൾ അടുത്തറിയാൻ നടത്തിയ ഈ ശ്രമമാണ് പിന്നീട് അദ്ദേഹത്തിന്റെ ക്യൂറേറ്റോറിയൽ കാഴ്ചപ്പാടിന് ശക്തമായ അടിത്തറയായത്.
സിനിമയെ പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ ചലച്ചിത്രമേളാ ക്യൂറേഷനും ഫിലിം ലിറ്ററസി പ്രവർത്തനങ്ങളും രവീന്ദ്രന്റെ പ്രവർത്തനജീവിതത്തിലെ പ്രധാന അധ്യായങ്ങളായി. മൺസൂൺ സിനി ഫെസ്റ്റ്, പീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, സ്വരലയ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ സംരംഭങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം സിനിമാ പ്രദർശനത്തിനപ്പുറം സിനിമയെക്കുറിച്ചുള്ള സംവാദത്തിനും ആസ്വാദനത്തിനും പഠനത്തിനും ഇടങ്ങൾ സൃഷ്ടിച്ചു. ഇതിന്റെ തുടർച്ചയായി കൊച്ചി മെട്രോ മലയാളം ഷോർട്ട് ഫിലിം ഫെസ്റ്റിവൽ രൂപംകൊണ്ടു.
പുതുതലമുറയിലെ സംവിധായകർക്കും ഹ്രസ്വചിത്ര പ്രവർത്തകർക്കും വിദ്യാർഥികൾക്കും സ്വതന്ത്ര സ്രഷ്ടാക്കൾക്കും വേദിയൊരുക്കിയ ഈ സംരംഭത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറായി രവീന്ദ്രൻ പ്രവർത്തിച്ചു. സിനിമയെ ജനങ്ങളിലേക്കെത്തിക്കുന്നതിനൊപ്പം പുതിയ പ്രതിഭകളെ കണ്ടെത്തുകയും അവർക്ക് പ്രേക്ഷകരെയും സംവാദവേദികളെയും ഒരുക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പ്രവർത്തനങ്ങളുടെ പ്രധാന സവിശേഷത.
കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും അദ്ദേഹത്തിന്റെ ചലച്ചിത്ര ക്യൂറേഷനും ഫെസ്റ്റിവൽ പ്രവർത്തനങ്ങളും വ്യാപിച്ചു. ഗൾഫ് മേഖലയിലെ ചലച്ചിത്ര പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തെയും മലയാള സിനിമയെയും വിവിധ രാജ്യങ്ങളിലെ ചലച്ചിത്രപ്രവർത്തകരെയും ബന്ധിപ്പിക്കുന്ന വേദികൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഇടപെട്ടു. ബഹ്റൈൻ, യു.എ.ഇ., സൗദി അറേബ്യ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള പ്രവർത്തനവ്യാപനവും ഇതിന്റെ ഭാഗമായി. സർവകലാശാലകളിലും സാംസ്കാരിക വേദികളിലും സിനിമാ സെമിനാറുകളും പഠനപരിപാടികളും സംഘടിപ്പിച്ച അദ്ദേഹം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ദൃശ്യസാക്ഷരതയും സിനിമയിലെ ദൃശ്യങ്ങളുടെ അർത്ഥവായനയും സംബന്ധിച്ച ശിൽപ്പശാലകളിലും പങ്കെടുത്തു. സിനിമയെ ഒരു വിനോദമാധ്യമം എന്നതിലുപരി സാംസ്കാരിക വിനിമയത്തിന്റെയും അറിവിന്റെയും സംവാദത്തിന്റെയും ഇടമായി കാണുന്ന സമീപനമാണ് ഈ പ്രവർത്തനങ്ങളിലുടനീളം പ്രകടമാകുന്നത്. സിനിമയെക്കുറിച്ചുള്ള നിരവധി പഠനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.




