2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി; കാർഗോ സർവീസ് ഫ്ലാഗ് ഓഫ് നാളെ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:59 PM
പങ്കുവെക്കുക:
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി; കാർഗോ സർവീസ് ഫ്ലാഗ് ഓഫ് നാളെ
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി; കാർഗോ സർവീസ് ഫ്ലാഗ് ഓഫ് നാളെകേരളപ്രഭാതം

കെ.എസ്.ആർ.ടി.സിയുടെ പുതിയ കാർഗോ സേവനങ്ങളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നാളെ തിരുവനന്തപുരത്ത് ഗതാഗത മന്ത്രി നിർവഹിക്കും. അതേസമയം, ചാർജ് വർധനവടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ഒക്ടോബർ 14ന് സ്വകാര്യ ബസുടമകൾ സെക്രട്ടറിയേറ്റ് മാർച്ചും നവംബറിൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചു.

തിരുവനന്തപുരം: ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി പുതിയ കാർഗോ സേവനങ്ങൾക്ക് തുടക്കമിടുന്നു. നിലവിൽ വിജയകരമായി നടത്തുന്ന ലോജിസ്റ്റിക്‌സ് സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

കാർഗോ സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച (ഒക്ടോബർ 7) ഉച്ചക്ക് 12.30ന് തിരുവനന്തപുരം ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ ഗതാഗത മന്ത്രി സി.പി. ജോൺ നിർവഹിക്കും. മറ്റ് സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷനുകൾ വിജയകരമായി നടപ്പാക്കിയ കാർഗോ സേവന മാതൃക പഠിച്ചാണ് കെ.എസ്.ആർ.ടി.സിയും ഈ രംഗത്തേക്ക് ചുവടുവെക്കുന്നത്.

ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അധ്യക്ഷത വഹിക്കും. ഡോ. ശശി തരൂർ എം.പി, ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ തുടങ്ങിയവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാർച്ച് 14ന്; നവംബറിൽ അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ നിരക്കിലുൾപ്പെടെ ബസ് ചാർജ് വർധിപ്പിക്കുക, സൗജന്യ യാത്രകൾ മൂലമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബർ 14ന് ബസുടമകളും ജീവനക്കാരും സെക്രട്ടറിയേറ്റ് മാർച്ച് നടത്തും.

സ്ത്രീകളുടെയും ട്രാൻസ്‌ജെൻഡറുകളുടെയും സൗജന്യ യാത്രക്കായായുള്ള 'പ്രിയദർശിനി പദ്ധതി' കാരണം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. ആദ്യഘട്ട സമരത്തിന് ശേഷം ഒക്ടോബർ അവസാന വാരം ഫെഡറേഷൻ ഭാരവാഹികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം ആരംഭിക്കും. അതിനുശേഷവും സർക്കാർ അനുകൂല തീരുമാനമെടുത്തില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല ബസ് പണിമുടക്കിലേക്ക് നീങ്ങുമെന്നും ഭാരവാഹികൾ അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം