Vijay Deverakonda on Rashmika: ‘ആദ്യ കൂടിക്കാഴ്ചയിൽ കരഞ്ഞു, ഐ ലവ് യു പറയാൻ പഠിപ്പിച്ചത് രശ്മിക'; പ്രണയത്തെക്കുറിച്ച് വിജയ് ദേവരകൊണ്ട
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

സഹതാരങ്ങളിൽ നിന്ന് പ്രണയജോഡികളിലേക്കും പിന്നീട് ജീവിതപങ്കാളികളിലേക്കുമെത്തിയ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും ബന്ധത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആദ്യ കൂടിക്കാഴ്ചയിലെ അസ്വാരസ്യത്തിൽ തുടങ്ങി ആഴത്തിലുള്ള സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വളർന്ന ബന്ധത്തെക്കുറിച്ച് ഇരുവരും അടുത്തിടെ നൽകിയ അഭിമുഖത്തിൽ മനസ്സുതുറന്നു (Vijay Deverakonda on Rashmika). ആദ്യമായി കണ്ടുമുട്ടിയ നിമിഷങ്ങൾ, പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലുണ്ടായ മാറ്റങ്ങൾ, വിവാഹത്തിന് തയ്യാറാണെന്ന് തോന്നിയ സമയം എന്നിവയെല്ലാം ഇരുവരും പങ്കുവച്ചു.
‘രശ്മിക എന്നേക്കാൾ പക്വതയുള്ള ആളാണ്’
ബന്ധത്തിൽ ചെറിയ സ്നേഹപ്രകടനങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് രശ്മികയുടെ സ്വഭാവത്തെക്കുറിച്ച് വിജയ് തുറന്നുപറഞ്ഞത്. ബന്ധങ്ങളുടെ കാര്യത്തിൽ താനേക്കാൾ പക്വത രശ്മികയ്ക്കാണെന്നും താരം സമ്മതിച്ചു.
'ബന്ധങ്ങളുടെ കാര്യത്തിൽ രശ്മിക കൂടുതൽ പക്വതയുള്ളയാളാണ്. ഒരു ദിവസം ഏറ്റവും കുറഞ്ഞത് ഒരു 10–15 തവണയെങ്കിലും എന്നോട് ഐ ലവ് യു എന്നവൾ പറയും. ഞാനും അത് തിരികെ പ്രകടിപ്പിക്കേണ്ടത് പ്രധാനമാണെന്ന് അവൾ എന്നെ ഓർമിപ്പിക്കും. മനസ്സിൽ എനിക്കവളോട് സ്നേഹം ഉണ്ടെങ്കിലും അത് വാക്കുകളിലൂടെ പറയേണ്ടതില്ല എന്നാണ് ഞാനെന്ന വ്യക്തി കരുതിയിരുന്നത്. എന്നാൽ അത്തരം ചെറിയ കാര്യങ്ങളാണ് ജീവിതത്തിൽ പ്രധാനമെന്ന് രശ്മികയാണ് പഠിപ്പിച്ചത്.'




