സുരേഷ് ബാബുവിനെതിരേ കടുത്ത നടപടി വേണമെന്ന് ആവശ്യം ശക്തമാകുന്നു ; വെല്ലുവിളിച്ച് കോണ്‍ഗ്രസും ബിജെപിയും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

പീഡന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ സി.പി.എം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരേ പാർട്ടി അച്ചടക്ക നടപടിക്കൊരുങ്ങുന്നു. വിഷയം പൊലീസിന് കൈമാറാൻ വെല്ലുവിളിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തിയതോടെ നേതൃത്വം കടുത്ത സമ്മർദത്തിലാണ്.
പാലക്കാട്: പീഡനാരോപണം നേരിടുന്ന സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം ഇ.എൻ. സുരേഷ് ബാബുവിനെതിരേ പാർട്ടി തലത്തിൽ നടപടിക്ക് നീക്കം ശക്തമാകുന്നു. കടുത്ത അച്ചടക്ക നടപടിയുണ്ടാകുന്നതുവരെ അദ്ദേഹത്തെ പാർട്ടി വേദികളിൽനിന്ന് മാറ്റിനിർത്താനാണ് നീക്കം. ഈ മാസം അവസാനത്തോടെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും പരാതിയിൽ അന്തിമ തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരേ ജില്ലയിലെ മുതിർന്ന നേതാക്കളടക്കം ശക്തമായ നിലപാടിലാണ്.
തുടർച്ചയായി ഉയരുന്ന ആരോപണങ്ങൾ സാധാരണ ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് തന്നെ പീഡനത്തിനായി ഉപയോഗിച്ചുവെന്ന ആരോപണം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി മാറ്റിയതോടെ സംസ്ഥാന നേതൃത്വവും കടുത്ത സമ്മർദത്തിലാണ്. സി.പി.എമ്മിന്റെ പാർട്ടി ഓഫിസുകൾ നേതാക്കൾ സ്ത്രീകളെ ചൂഷണം ചെയ്യാനുള്ള കേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. വിഷയം പൊലീസിന് വിടാതെ പാർട്ടി തലത്തിൽ ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതിനെതിരേയും വിമർശനം ശക്തമാണ്.
അതേസമയം, സംഭവത്തിൽ നിലവിൽ പൊലീസിൽ പരാതി നൽകേണ്ടതില്ലെന്നാണ് പരാതിക്കാരിയായ വനിതാ അഭിഭാഷകയുടെ തീരുമാനം. പാർട്ടിതലത്തിൽ ഉചിതമായ നടപടിയുണ്ടായില്ലെങ്കിൽ മാത്രം നിയമവഴി സ്വീകരിക്കാനാണ് നീക്കം. സുരേഷ് ബാബുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് സംസ്ഥാന നേതൃത്വം ഇവർക്ക് ഉറപ്പുനൽകിയതായും സൂചനയുണ്ട്. എന്നാൽ, പരാതി പൊലീസിന് കൈമാറാൻ സി.പി.എമ്മിനെ വെല്ലുവിളിക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും.
ഇരയ്ക്കൊപ്പം എന്ന് പറയുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ ആരോപിച്ചു. സി.പി.എം കോടതിയല്ലെന്നും, ലഭിച്ച പരാതി ഉടൻ പൊലീസിന് കൈമാറാൻ പാർട്ടി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് ജില്ലയിൽ ഇത് മൂന്നാം തവണയാണ് പാർട്ടി ഓഫിസുമായി ബന്ധപ്പെട്ട് പീഡനപരാതി ഉയരുന്നത്. സി.പി.എമ്മിന്റെ സൈബർ ആക്രമണം ഭയന്നാകാം യുവതി പൊലീസിനെ സമീപിക്കാതിരുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
സമാനമായ രീതിയിൽ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു യുവതിയോടും സുരേഷ് ബാബു മോശമായി പെരുമാറിയതായി ആരോപണമുണ്ട്. മുൻപ് പി.കെ. ശശിക്കെതിരായ ആരോപണങ്ങളിലും കൊഴിഞ്ഞാമ്പാറയിലെ പാർട്ടി തർക്കങ്ങളിലും സുരേഷ് ബാബുവിനെ സംരക്ഷിച്ച സംസ്ഥാന നേതൃത്വത്തിന് ഇത്തവണ പ്രതിരോധം തീർക്കുക എളുപ്പമല്ല. കൂടാതെ, പാർട്ടി ഓഫിസ് നവീകരണവുമായി ബന്ധപ്പെട്ട് സുരേഷ് ബാബുവിനെതിരേ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ഉയർന്നുവന്നിട്ടുണ്ട്.




